എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 70 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക. അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്ക് പങ്കിടാനാവില്ല.