ഇന്ത്യയും ശ്രീലങ്കയും ആതിഥ്യം വഹിക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കം. ബാര്‍സ്പര സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ ടീമുകളായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ഗായിക ശ്രേയ ഘോഷാലിൻ്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്ന് അരങ്ങേറും. പരിപാടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഗായകന്‍ സുബീന്‍ ഗാര്‍ഗിന് ആദരമര്‍പ്പിക്കും.
നവംബര്‍ രണ്ടിന് ആണ് ഫൈനൽ. ഈ ലോകകപ്പ് 34 ദിവസമായാണ് നടക്കുക. ഭാരതത്തിലെ നാല് വേദികളിലും ശ്രീലങ്കയിലെ കൊളംബോയിലുമായാണ് മത്സരങ്ങള്‍. ഗുവാഹത്തിക്ക് പുറമെ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയം എന്നിവ മത്സരങ്ങള്‍ക്ക് വേദിയാകും. കൊളംബോയില്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.