സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ (സിബിഎൽ) ഉത്തര മലബാറിലെ മത്സരങ്ങൾക്ക് ധർമ്മടം മേലൂർ അഞ്ചരക്കണ്ടി പുഴയിൽ നാളെ തുടക്കമാകും. മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഉത്തര മലബാറിലെ മത്സരങ്ങളിൽ 15 ചുരുളി വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മേലൂർ അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് ജലോത്സവം നടക്കുക. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാർ ഉണ്ടായിരിക്കും. നാല് ഹീറ്റ്സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മുന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്‌സ്, ലൂസേഴ്‌സ്, ഫൈനൽ) നടക്കും. വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും.
ഉത്തര മലബാറിലെ സിബിഎൽ മത്സരങ്ങൾ ടൂറിസം പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ സീസണിലും ടൂറിസം സാധ്യതകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ആവേശം ഉത്തര മലബാറിലേക്കും വ്യാപിക്കുന്നതോടെ ആഭ്യന്തര വിദേശ സഞ്ചാരികൾക്ക് കേരളത്തിൻ്റെ തനത് കായിക ഇനത്തിൻ്റെ നേർക്കാഴ്‌ചയ്‌ക്കൊപ്പം ഈ മേഖലയുടെ സാംസ്ക്കാരിക പൈതൃകം കൂടി ആസ്വദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.