യുഎസിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഈ തന്ത്രം ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകും എന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുതിൻ എടുത്തുപറയുകയും ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാട്ടി. എണ്ണവ്യാപാരത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അർത്ഥശൂന്യം എന്നാണ് പുതിൻ വിശേഷിപ്പിച്ചത്.
‘ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവർ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല.’ പുതിൻ പറഞ്ഞു.
ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ ഒമ്പതു മുതൽ പത്തുവരെ ബില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാകും. പുറത്തുനിന്നുള്ള ആവശ്യങ്ങൾക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യക്കില്ല. റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാലമായി സുസ്ഥിരമായ ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണവിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്തുകയും ആഗോള വളർച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും പുതിൻ മുന്നറിയിപ്പ് നൽകി.