മലയാളികളുടെ പ്രിയ നടി ഗ്രേസ് ആൻ്റണി വിവാഹിതയായി. ഗ്രേസ് ആന്റണി തന്നെയാണ് കല്യാണക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദൻ അടക്കമുള്ല മലയാള സിനിമാ താരങ്ങൾ നടിക്ക് ആശംസകളുമായി രംഗത്തെത്തി.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആൻ്റണി വെളിത്തിരയിലേക്ക് എത്തുന്നത്. ജോർജേട്ടൻസ് പൂരം, മാച്ച് ബോക്സ്, സകലകലാശാല എന്നീ ചിത്രങ്ങളിൽ ചെറിയവേഷം ചെയ്ത ഗ്രേസ് ആന്റണി ഫഹദ് ഫാസിൽ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കുമ്പളങ്ങി നൈറ്റ്സിൽ ഫഹദിൻ്റെ ഭാര്യയായ സിമിയായാണ് ഗ്രേസ് എത്തിയത്. തമാശ, നുണക്കുഴി, പ്രതിപൂവൻ കോഴി, ഹലാൽ ലൗവ് സ്റ്റോറി, സാജൻ ബേക്കറി സിൻസ് 1962 എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.