ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് വിമതസേന ഭരണം പിടിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്‌തെന്നും, വിമാനം തകർന്ന് കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഉരുക്ക് മുഷ്ടിയുള്ള വാഴ്‌ചയ്‌ക്കും ബാത്ത് പാർട്ടിയുടെ ഏകാധിപത്യ ഭരണത്തിനുമാണ് അന്ത്യമായത്. ഇടക്കാല ഗവൺമെന്റിന് അധികാരം കൈമാറുമെന്ന് വിമതർ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അൽ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിമത കമാൻഡർ അബു മുഹമ്മദ് അൽ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാഷറിന് പിന്തുണ നൽകിയിരുന്ന റഷ്യയ്ക്കും ഇറാനും വിമതരുടെ മുന്നേറ്റം പ്രഹരമായി. യുക്രെയിൻ യുദ്ധം കാരണം റഷ്യയും ഇസ്രയേലിനെതിരെ പോരാടുന്നതിനാൽ ഇറാനും സിറിയയിൽ ശ്രദ്ധ കുറച്ചിരുന്നു. വിമതർക്കെതിരെ ഓപ്പറേഷൻ തുടരുകയാണെന്ന് സിറിയൻ സൈന്യം അവകാശപ്പെട്ടു.

Related Posts