വരാനിരിക്കുന്ന ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. സെപ്റ്റംബർ ഏഴിനാണ് ഇത്തവണ ഗണേശോത്സവം. പരിപാടികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പൊതു ഇടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിക്കുന്നതിനും മുമ്പ് എല്ലാ സംഘാടകരും അതാത് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങണമെന്ന് പോലീസ് വ്യക്തമാക്കി.

തിരക്കേറിയ റോഡുകളിൽ സ്റ്റാളുകൾ സ്ഥാപിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠയ്ക്കും അനുബന്ധ പരിപാടികൾക്കുമായി അനധികൃതമായി പണപ്പിരിവ് നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

പൊതുസ്ഥലങ്ങളിൽ പന്തലുകൾ നിർമിക്കുന്നതിന് സംഘാടകർ ബിബിഎംപിയിൽ നിന്നും പെർമിറ്റ് നേടേണ്ടതുണ്ട്. കൂടാതെ, വസ്തു ഉടമയിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും മുൻകൂർ സമ്മതം നേടാതെ തർക്ക സ്ഥലങ്ങളിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ചു. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, സംഘാടകർ പാരിസ്ഥിതിക മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഫ്ലെക്സുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതിന് കർണാടക ഹൈക്കോടതിയുടെ വിലക്ക് നിലവിലുണ്ടെന്നും സംഘാടകർ ഈ നിയമങ്ങൾ പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഓരോ സംഘാടക സമിതിയിൽ നിന്നും ഉത്തരവാദിത്തപ്പെട്ട രണ്ട് വ്യക്തികൾ വിഗ്രഹം സ്ഥാപിക്കുന്ന സ്ഥലത്ത് മുഴുവൻ സമയവും ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, എമർജൻസി കോൺടാക്റ്റ് നമ്പറുകൾ പ്രദർശിപ്പിക്കുക, വേദിയിൽ അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts