മുന്നണിയിലും പാര്‍ട്ടിയിലും ഉയരുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആര്‍.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ചര്‍ച്ച ചെയ്ത വിഷയം എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ലെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒടുവില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നടത്തേണ്ടിവന്നു. യോഗശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുള്‍പ്പടെ ആരോപണം ഉന്നയിച്ച പി.വി. അന്‍വറിനെതിരായാണ് തിരിഞ്ഞതെങ്കിലും ഘടകകക്ഷികള്‍ എഡിജിപിയെ മാറ്റണമെന്ന തങ്ങളുടെ നിലപാട് ഇന്നലെ നടന്ന യോഗത്തില്‍ കൃത്യമായി ഉന്നയിച്ചു.
പൊലീസ് തലപ്പത്തും മലപ്പുറം പൊലീസിലും ഇടത് മുന്നണി യോഗത്തിന്‍റെ തലേന്ന് മാറ്റം കൊണ്ടുവന്ന് ആരോപണങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശക്തമായ നിലപാടിലായിരുന്നു ഘടകകക്ഷികള്‍. എന്നാല്‍ ഉടനെ നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.