വന്ദേഭാരത് സ്ലീപ്പർ ദീപാവലിക്ക് സർവീസിന് ഒരുങ്ങുന്നു. കേരളത്തിന് ആദ്യ ഘട്ടത്തിൽ ട്രെയിനുകളൊന്നും അനുവദിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിൻ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വന്ദേഭാരത് ചെയർ കാറുകൾ വൻ ഹിറ്റായി ഓടുന്ന കേരളത്തിന് സ്ലീപ്പറും അനുവദിക്കണം എന്ന ആവശ്യം റെയിൽവേയുടെ മുന്നിൽ ഉണ്ട്.

കേന്ദ്ര മന്ത്രിക്ക് മുന്നിൽ 3 റൂട്ടുകളാണ് സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം – മംഗളൂരു, കോഴിക്കോട് – ബംഗളൂരു, കോഴിക്കോട്- ചെന്നൈ എന്നീ റൂട്ടുകളിലൊന്ന് പരിഗണിക്കണമെന്നാണ് കോഴിക്കോട് എംപി എംകെ രാഘവൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. ഇതിൽ റെയിൽവേ താത്പര്യം പ്രകടിപ്പിച്ചത് തിരുവനന്തപുരം -മംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കാനാണ്.

തിരുവനന്തുരം – മംഗളൂരു റൂട്ടിൽ മൂന്ന് ട്രെയിനുകളാണ് രാത്രി കാലത്ത് പ്രതിദിന സർവീസ് നടത്തുന്നത്. കോട്ടയം വഴിയുള്ള മലബാർ എക്‌സ് (16629, 16630), മംഗളൂരു/ ട്രിവാൻഡ്രം എക്‌സ്പ്രസ് (16347,16348), ആലപ്പുഴ വഴി സർവീസ് നടത്തുന്ന മാവേലി എക്സ് പ്രസ് (16603, 16604) എന്നിവയാണ് അത്. എല്ലാ ദിവസവും ഈ മൂന്ന് ട്രെയിനുകളിലും ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഈ മൂന്ന് ട്രെയിനുകളിലും രാത്രി കാലങ്ങളിലെ യാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയിൽ സ്വകാര്യ ബസുകളിൽ അമിത നിരക്ക് കൊടുത്താണ് നിരവധി പേർ യാത്ര ചെയ്യുന്നത്.

Related Posts