ബാംഗ്ലൂർ നഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാൻ അന്ത്യശാസനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അടുത്ത ഒരു മാസത്തിനുള്ളിൽ റോഡുകളിലെ കുഴി അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. മഴക്കാലത്തിന് മുമ്പ് റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാത്തതിന് സിദ്ധരാമയ്യ ഉദ്യോഗസ്ഥരെ വിമർശിക്കുകയും ചെയ്തു. റോഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കണക്കുകൾ പ്രകാരം നഗരത്തിലുടനീളം 14,795 കുഴികൾ ഉണ്ട് നഗരത്തിൽ. ഇതിൽ 6,749 എണ്ണം മാത്രമേ നന്നാക്കിയിട്ടുള്ളൂ എന്നും 8,046 കുഴികൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
25 കോടി രൂപ റോഡുകൾ നന്നാക്കാൻ ഓരോ നിയോജകമണ്ഡലത്തിനും ഗ്രാന്റായി അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കൂടുതൽ ഫണ്ട് ആവശ്യമെങ്കിൽ നടപടികൾ വേഗത്തിലാക്കാനും ധനകാര്യ വകുപ്പിനോട് അഭ്യർത്ഥിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നഗരത്തിലെ കുഴി പ്രശ്നം പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പണി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.