ഇടുക്കി മൂന്നാറില്‍ വിനോദസഞ്ചാരികളെ മർദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇടുക്കി മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതിൻ്റെ പേരിലാണ് മൂവർ സംഘം മൂന്നാറിലെത്തിയ കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. തമിഴ്നാട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുടെ സംഘം കഴിഞ്ഞ ദിവസമാണ് മൂന്നാറിലെത്തിയത്. പള്ളിവാസലിന് സമീപത്തുവച്ച് ഇവരുടെ വാഹനം മൂവർ സംഘത്തിൻ്റെ ഇരുചക്ര വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന പേരിലായിരുന്നു തർക്കം. പിന്നീടിത് മർദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.
ആറ്റുകാട് സ്വദേശികളായ കൗശിക്, സുരേന്ദ്രൻ, അരുണ്‍ സൂര്യ എന്നിവർ ചേർന്നാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തൃച്ചി സ്വദേശികളായ അരവിന്ദ്, ഗുണശീലൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.