ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഗിൽ ടീമിനെ നയിക്കും. ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്.

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഇന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിൻ്റെ ക്യാപ്റ്റന്‍സി സ്ഥിരമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാര്‍ക്കര്‍ കൂടിയാലോചന നടത്തിയിരുന്നു. 26 കാരനായ ഗില്‍ നിലവിൽ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനാണ്.

2021 ഡിസംബര്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായിരുന്നു 38 കാരനായ രോഹിത്. അദ്ദേഹം 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു, 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളില്‍ തോറ്റു. സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഇന്ത്യയെ 2018 ഏഷ്യാ കപ്പ് കിരീടത്തിലേക്കും പിന്നീട് മുഴുവന്‍ സമയ ക്യാപ്റ്റനായി 2023 ഏഷ്യാ കപ്പ് കിരീടത്തിലേക്കും നയിച്ചു. രോഹിത്തിൻ്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പിൻ്റെ ഫൈനലിലെത്തി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്നതും രോഹിത്തിൻ്റെ നേതൃത്വത്തിലാണ്.

Related Posts