ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് പോയിൻറ് സ്വന്തമാക്കുന്ന താരമായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് 931 റേറ്റിംഗ് പോയിന്റാണുള്ളത്. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് മലാൻ്റെ റെക്കോഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്. 2020 സീസണില്‍ മലാന് 919 റേറ്റിംഗ് പോയിന്റുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തായി. 2023 വര്‍ഷം 912 റേറ്റിംഗ് പോയിന്റാണ് സൂര്യക്ക് ഉണ്ടായിരുന്നത്.
ഏഷ്യാകപ്പിലെ പ്രകടനത്തിൻ്റെ പിന്‍ബലത്തിലാണ് അഭിഷേക് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഏഴ് മത്സരങ്ങളില്‍നിന്നായി 314 റണ്‍സാണ് അഭിഷേക് അടിച്ചെടുച്ചത്. 200 സ്ട്രൈക്ക് റേറ്റും 44.86 ശരാശരിയും ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് ഉണ്ടായിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനും താരവും അഭിഷേക് തന്നെയായിരുന്നു.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് നേടിയത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സാണ്. കരയറില്‍ ഒരിക്കല്‍ 935 പോയിന്റ് റിച്ചാര്‍ഡ്സിന് ഉണ്ടായിരുന്നു. ടെസ്റ്റില്‍ ഡോണ്‍ ബ്രഡാ്മാനും (961 റേറ്റിംഗ് പോയൻറ്).
ഇന്ത്യയുടെ മധ്യനിര താരം തിലക് വര്‍മ മൂന്നാം സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൻ്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. രണ്ട് സ്ഥാനം നഷ്ടപ്പെട്ട സൂര്യ എട്ടാം സ്ഥാനത്തേക്കിറങ്ങി. മലയാളി താരം സഞ്ജു സാംസണും നേട്ടമുണ്ടാക്കി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 31-ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. 31-ാം സ്ഥാനത്താണ് ഗില്‍.