വിജയദശമിദിനമായ നാളെ നടക്കുന്ന ജംബോ സവാരിയോടെ 11 ദിവസത്തെ ദസറ ആഘോഷങ്ങൾ സമാപിക്കും. ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും. പൊലീസിൻ്റെ അശ്വാരൂഡ സേനയും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും അകമ്പടിയേകും.
അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പൂജ യോടെചടങ്ങ് തുടങ്ങും. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സു വർണഹൗഡയിൽ(സ്വർണ സിം ഹാസനം) പ്രതിഷ്ഠിക്കും. അഭിമന്യു എന്ന ആനയാണ് സുവർണഹൗഡ വഹിക്കുക. തുടർച്ചയായ 6-ാം വർഷമാണ് അഭിമന്യു ജംബോ സവാരിയിൽ അമ്പാരി ആനയാകുന്നത്. 13 ആനകൾ അഭിമന്യുവിന് അകമ്പടിയേകും.
വൈകിട്ട് 7.30നു ബന്നിമണ്ഡപം ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് (തീവെട്ടി പ്രകടനം) ഗവർണർ താവർ ചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലേസർ ലൈറ്റ്ഷോയും കരിമരുന്നു പ്രകടനവും ഉണ്ടാവും.