മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ​ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.

1962-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1967 ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ പി.എസ്.പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗയിലെത്തി.

1999-ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999-ൽ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമരാജ്പേട്ട മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയെങ്കിലും 2004-ൽ മഹാരാഷ്ട്ര ഗവർണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008-ൽ ഗവർണർ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതൽ 2014 വരെ രാജ്യസഭാംഗമായും 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

Related Posts